This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൂഗ്മാന്‍, പോള്‍ റോബിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൂഗ്മാന്‍, പോള്‍ റോബിന്‍

Krugman, Paul Robin (1953 - )

പോള്‍ റോബിന്‍ ക്രൂഗ്മാന്‍

നോബല്‍സമ്മാന ജേതാവായ (2008) അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞനും അധ്യാപകനും കോളമിസ്റ്റും. 1953 ഫെ. 28-ന് ന്യൂയോര്‍ക്കിലെ അല്‍ബാനിയിലുള്ള ഒരു ജൂത കുടുംബത്തില്‍ ജനിച്ചു. ബെല്‍മോറിലെ ജോണ്‍ എഫ്. കെന്നഡി ഹൈസ്കൂളിലായിരുന്നു ബിരുദപഠനം. ഐസക് അസിമോവിന്റെ ഫൌണ്ടേഷന്‍ എന്ന നോവലാണ് ഇദ്ദേഹത്തില്‍ സാമ്പത്തിക ശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളര്‍ത്തിയത്.

ഒരേസമയം പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ ഇക്കണോമിക്സ്, ഇന്റര്‍നാഷണല്‍ അഫേഴ്സ് എന്നീ വിഷയങ്ങളുടെ അധ്യാപകനായും ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സില്‍ സെന്റിനറി പ്രൊഫസര്‍ എന്നീ നിലയിലും ഔദ്യോഗിക സേവനമനുഷ്ഠിച്ചു. മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജില്‍ സാമ്പത്തികശാസ്ത്രത്തില്‍ ഫോര്‍ഡ് ഇന്റര്‍നാഷണല്‍ പ്രൊഫസര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ യേല്‍, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകളിലും അധ്യാപകനായിരുന്നു. റൊണാള്‍ഡ് റീഗന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാക്കളില്‍ പ്രമുഖനായിരുന്നു ക്രൂഗ്മാന്‍. ഇക്കണോമെട്രിക് സൊസൈറ്റിയില്‍ ഫെലോ, നാഷണല്‍ ബ്യൂറോ ഒഫ് ഇക്കണോമിക് റിസര്‍ച്ചില്‍ റിസര്‍വ് അസോസിയേറ്റ്, ലോകബാങ്ക്, ഐ.എം.എഫ്, ഐക്യരാഷ്ട്രസഭ എന്നിവയില്‍ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലകളില്‍ പോര്‍ച്ചുഗല്‍, ഫിലിപ്പീന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇദ്ദേഹം ദി ന്യൂയോര്‍ക്ക് ടൈംസിലൂടെ മികച്ച ഒരു കോളമിസ്റ്റായും അറിയപ്പെടുന്നു. അമേരിക്കയിലെ വാഷിങ്ടണ്‍ മാസിക ഇദ്ദേഹത്തെ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കോളമിസ്റ്റായി വിലയിരുത്തിയിട്ടുണ്ട്. ക്രൂഗ്മാന്റെ സ്വീകാര്യത കേവലം അമേരിക്കയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഏഷ്യയിലും ഇദ്ദേഹം ഏറെ പ്രസിദ്ധനാണ്. അന്താരാഷ്ട്ര വ്യാപാര തലങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ഇദ്ദേഹത്തിന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍സമ്മാനം ലഭിച്ചത്.

23 ഗ്രന്ഥങ്ങളുടെ രചയിതാവും അതിലേറെ ഗ്രന്ഥങ്ങളുടെ സമ്പാദകനുമാണ് ക്രൂഗ്മാന്‍. അന്താരാഷ്ട്ര വ്യാപാര-സാമ്പത്തിക രംഗത്ത് 200-ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനുള്ള അംഗീകാരമായി അമേരിക്കന്‍ ഇക്കണോമിക്സ് അസോസിയേഷന്റെ ജോണ്‍ ബേറ്റ്സ് ക്ലാര്‍ക്ക് മെഡല്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സാമ്പത്തികശാസ്ത്രേതര രചനകള്‍ക്കും ഇദ്ദേഹം സമയം കണ്ടെത്തിയിട്ടുണ്ട്. സ്ളെയിറ്റ് എന്ന ഓണ്‍-ലൈന്‍ മാസിക, ഫോച്യൂണ്‍, ദി ന്യൂ റിപ്പബ്ലിക് ഫോറിന്‍ പോളിസി, ന്യൂസ് വീക്ക്, ദി ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ ഒട്ടനവധി പ്രസിദ്ധീകരണങ്ങള്‍ ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുവരുന്നു.

ദിസ് ഡിപ്രഷന്‍ നൌ (2011) ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ രചന. 2008-ല്‍ രചിച്ച ദി റിട്ടേണ്‍ ഒഫ് ഡിപ്രഷന്‍ ഇക്കണോമിക്സ് ആന്‍ഡ് ദി ക്രൈസിസ് അക്കാലത്തെ 'ബെസ്റ്റ് സെല്ലറില്‍' ഉള്‍പ്പെട്ടിരുന്നു.

പുലിറ്റ്സര്‍ പ്രൈസ് ജേതാവാണിദ്ദേഹം. ജര്‍മനിയിലെ ഫ്രീ യൂണിവേഴ്സിറ്റി ഒഫ് ബെര്‍ലിന്‍ 1998-ലും ഹാവര്‍ഫോര്‍ഡ് കോളജ് 2004-ലും യൂണിവേഴ്സിറ്റി ഡി ലിബോവ 2012-ലും ഇദ്ദേഹത്തെ ഡോക്ടറേറ്റ് ബിരുദം നല്കി ആദരിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍